Kerala
തിരുവനന്തപുരം: തന്റെ സിനിമയായ "സമാന്തരങ്ങള്‍'ക്ക് 1997-ലെ ദേശീയ അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ ജൂറിയില്‍ തിരിമറി നടന്നെന്ന ആരോപണവുമായി സംവിധായകന് ബാലചന്ദ്രമേനോന്.
സമാന്തരങ്ങള്‍ക്ക് മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന് എന്നീ പുരസ്കാരങ്ങള്‍ നല്കാന് ജൂറി തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് മലയാളികള്‍ ഉള്‍പ്പെട്ട ജൂറിയില്‍ തിരിമറി നടന്നുവെന്നും പിന്നീട് മികച്ച നടനുള്ള അവാര്‍ഡ് പങ്കിടുകയായിരുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
മികച്ച നടനുള്ള പുരസ്കാരം സുരേഷ് ഗോപിയുമായാണ് ബാലചന്ദ്രമേനോന് പങ്കിട്ടത്. മികച്ച കുടുംബക്ഷേമ ചിത്രം എന്ന നിലയ്ക്കായിരുന്നു മറ്റൊരു പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്കാരം വാങ്ങുന്നതിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ ജൂറി അംഗമായിരുന്ന ബോളിവുഡ് നടനും സംവിധായകനുമായ ദേവേന്ദ്ര ഖണ്ഡേവാലയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ബാലചന്ദ്രമേനോന് പറഞ്ഞു.
തന്റെ മനസില്‍ ഒരു ഭാരമുണ്ടെന്നും അത് തുറന്നുപറയണമെന്നും ദേവേന്ദ്ര ഖണ്ഡേവാല പറഞ്ഞു. മികച്ചനടന്, മികച്ച ചിത്രം, മികച്ച സംവിധായകന് എന്നീ പുരസ്കാരങ്ങള്‍ സമാന്തരങ്ങള്‍ എന്ന ചിത്രത്തിനു തീരുമാനിച്ചിരുന്നുവെന്നും അവസാന നിമിഷം അത് മാറ്റാന്‍ ഇടപെടലുണ്ടായി എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അതിനു പിന്നില്‍ മലയാളികളായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേവേന്ദ്ര ഖണ്ഡേവാല ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും ബാലചന്ദ്രമേനോന് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
തന്റെ സിനിമാജീവിതത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ബാലചന്ദ്രമേനോന് ഇന്നലെ മാധ്യമങ്ങളെ കണ്ടത്. അര നൂറ്റാണ്ടുകാലത്തെ തന്റെ സിനിമാജീവിതം മറക്കാനാകാത്ത ഇത്തരം സംഭവങ്ങള്‍ കൂടി ചേര്‍ന്നതാണ്. മധുരത്തേക്കാള്‍ കയ്പു നിറഞ്ഞ അനുഭവങ്ങളാണ് തനിക്കുള്ളത്. ഇപ്പോഴും പലരും തന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ താന്‍ ചിരിച്ചുകൊണ്ട് അവ നേരിടുന്നു. ലീഡര്‍ കെ. കരുണാകരന് തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചിരുന്നതായും ബാലചന്ദ്രമേനോന് പറഞ്ഞു. പിന്നീടും പലരും സമീപിച്ചു. പക്ഷേ രാഷ്ട്രീയം വേണ്ടെന്നു നേരത്തേ തീരുമാനിച്ചിരുന്നു.
തനിക്കുനേരേയുണ്ടായ ലൈംഗികാരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. താന്‍ അത്തരം മാനസികാവസ്ഥയുള്ളയാളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോ ദ്യം. പബ്ലിക് ടോയ്ലറ്റുകളുടെ ഭിത്തിയിലെ അശ്ലീലങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ലെന്നും ബാലചന്ദ്രമേനോന് കൂട്ടിച്ചേര്‍ത്തു.
Business
കൊച്ചി: നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന് (എന്‍ജിഐഎല്‍) റോട്ടറി ഇന്ത്യ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ദേശീയ സിഎസ്ആര്‍ പുരസ്കാരം.
വാട്ടര്‍, സാനിറ്റേഷന്‍ ആന്‍ഡ് ഹൈജീന്‍- ലാര്‍ജ് എന്റര്‍പ്രൈസ് വിഭാഗത്തിലാണ് അംഗീകാരം. രാജ്യത്തെ 563 കമ്പനികളില്‍ നിന്നാണ് നിറ്റാ ജലാറ്റിനെ തെരഞ്ഞെടുത്തത്.
കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള, കാര്‍ഷിക പദ്ധതികൾ, മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണം, ഹരിത പദ്ധതികള്‍ എന്നിവ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ സിഎസ്ആര്‍ മാനേജര്‍ എബി നെല്‍സണ്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
District News
പാരിപ്പള്ളി: യുകെഎഫ് കോളജ് ഓഫ് എൻജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം ഗാരേജ് ടീം ടര്ബോസിനു ദേശീയ തലത്തില്‍ അഭിമാനനേട്ടം. നാഷണല്‍ ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ചലഞ്ചില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മികച്ച പ്രകടനത്തിലൂടെ ബെസ്റ്റ് എര്‍ഗണോമിക്സ്, എസ്ഥെറ്റിക്സ് ആൻഡ് ഇന്നോവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.
കോയമ്പത്തൂരിലെ ശ്രീ രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കട്രോണ് മോട്ടോഴ്സുമായി സഹകരിച്ചു സംഘടിപ്പിച്ച ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ദേശീയ തല മത്സരത്തില്‍ 19 ടീമുകള്‍ പങ്കെടുത്തു.
യുകെഎഫ് ടീം ടര്‍ബോസ് രൂപകല്പന ചെയ്ത ഇലക്ട്രിക് ബൈക്ക് 'മാര്‍ക്ക് വണ്‍' മികച്ച രൂപകല്പനയും സാങ്കേതിക മികവും മൂലം വിധികര്‍ത്താക്കളുടെ പ്രശംസ നേടി.അതോടൊപ്പം, ഭോപ്പാലിലെ ആര്‍പിഎം അന്താരാഷ്ട്ര റേസിംഗ് സര്‍ക്യൂട്ടില്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍ സ്പോര്‍ട്സുമായി സഹകരിച്ചു സംഘടിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രിക് ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍, 22 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ യുകെഎഫ് കോളജ് ടീം മൂന്നാം സ്ഥാനവും പ്രത്യേകമായി നടന്ന കില്‍ ദ ഹില്‍ ഇവന്റില്‍ രണ്ടാം സ്ഥാനവും നേടി.
ഇരു മത്സരങ്ങളിലെയും കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക ടീം എന്ന നിലയിലും യുകെഎഫ് എൻജിനിയറിംഗ് കോളജിന്റെ (ഓട്ടോണമസ്) ഈ നേട്ടം ശ്രദ്ധേയമായി. ഈ വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് യുകെഎഫ് മെക്കാനിക്കല്‍ എന്ജിനിയററിംഗ് വിഭാഗം അസി. പ്രഫസര്‍മാരായ സി.ആര്. ശ്രീഹരി, പി. അനുരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു.
അവസാന സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാർഥി എസ്. നിര്‍മലിന്റെ നേതൃത്വത്തിൽ അഭിഷേക്, അനന്തു ഗിരീഷൻ, അബാബിൻ, അമൽ, ദർശ്, സന്ദീപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Movies
ആടുജീവിതം സിനിമ ദേശീയ അവാർഡ് നിർണയത്തിൽ നിന്നു തിരസ്കരിക്കപ്പെട്ടപ്പോൾ ഇതിനെതിരേ അഭിപ്രായം പറയേണ്ടത് ഒരു ഫിലിം മേക്കർ അല്ല മറിച്ച് സമൂഹമാണെന്ന് പ്രശസ്ത സംവിധായകൻ ബ്ലസി.
ഇതിനെതിരേ താൻ വീണ്ടും വീണ്ടും അഭിപ്രായം പറയുമ്പോൾ അത് ചെറുതാകുന്നതുപോലെയാണ്. ലഭിക്കാതെ പോയ ഒരു കാര്യത്തിനു വേണ്ടി അപലപിക്കുന്നത് ശരിയല്ല. എന്നാൽ ജൂറി ചെയർമാൻ പരമാർശിച്ചത് ഈ സിനിമയിൽ ചില സാങ്കേതിക പിഴവുകൾ മൂലമാണ് പരിഗണിക്കാതെ പോയതെന്നാണ്.
ജൂറി ചെയർമാൻ അശുതോഷ് ഗോവാരിക്കർ ഈ സിനിമ കണ്ടതിനു ശേഷം തന്നെ നേരിട്ട് കണ്ട് സിനിമയെക്കുറിച്ച് വളരെയധികം താത്പര്യപൂർവം സംസാരിക്കുകയും ലോറൻസ് ഓഫ് അറേബ്യ യ്ക്ക് ശേഷം ഇത്രയും നല്ലൊരു സിനിമ താൻ കണ്ടിട്ടില്ലെന്ന് പറയുകയുണ്ടായി. എന്നാൽ ജൂറി ചെയർമാൻ ആയപ്പോൾ ഇദ്ദേഹത്തിന് എന്തുപറ്റി എന്ന് അറിയില്ല.
ഇത് എന്റെ മാത്രം വിഷയമല്ല, സമൂഹം ചർച്ച ചെയ്യേണ്ടതാണെന്നും ചിലർ ഇത്തരം നിലപാടുകൾ എടുക്കുന്നത് നാളെ മറ്റുള്ളവർക്കും പ്രയാസങ്ങൾ നേരിടേണ്ടിവരും. ലോകമെമ്പാടുമുള്ള ആളുകൾ ആടുജീവിതം സിനിമ കണ്ടിട്ടുണ്ട് സമൂഹം വിലയിരുത്തട്ടെ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്നും ബ്ലസി പറഞ്ഞു.